Friday 6 September 2013

മലയാലപ്പുഴ യാത്ര.





ഈ കഴിഞ്ഞ ഒരു മാസം മുൻപ് ഞങ്ങൾ മലയാലപ്പുഴ ക്ഷേത്രത്തിൽ പോയിരുന്നു. ഞങ്ങൾ വർഷത്തിൽ രണ്ടോ,മൂന്നോ പ്രാവശ്യം മലയാലപ്പുഴ അമ്പലത്തിൽ പോകാറുണ്ട്. ഞങ്ങൾ എപ്പോൾ അവിടെ പോകാൻ തീരുമാനിച്ചാലും ഒരു തടസവും കൂടാതെ പോകാൻ പറ്റാറുണ്ട്. വളരെ ശക്തി ഉള്ള ദേവി ആണ് മലയാലപ്പുഴ ഭഗവതി. വന ദുർഗ്ഗ ആണ് അവിടുത്തെ പ്രതിക്ഷ്ഠ.



തലേ ദിവസം തന്നെ മൊബൈൽ ഫോണിൽ അലാറം സെറ്റ് ചെയ്തു ഞങ്ങൾ ഉറങ്ങാൻ കിടന്നു.രാവിലെ അഞ്ചു മണിക്ക് എഴുനേറ്റു പ്രഭാത കർമങ്ങൾക്ക് ശേഷം ഒരുങ്ങി 6 മണിയോട് കൂടി ഞാനും എന്റെ മൂത്ത മകൾ തങ്കുവും അമ്മയും ഒത്തു എന്റെ കാറിൽ യാത്രയായി. ഏകദേശം ആറു പതിനഞ്ചു ആയപ്പോൾ കവിയൂർ വീടിനടുത്ത് എത്തി. അവിടെ നിന്നും എന്റെ അളിയനും ഭാര്യയും മകൻ അപ്പുവും അവിടെ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു. അവരെയും കൂട്ടി വീണ്ടും യാത്ര തുടർന്നു.ഏകദേശം എട്ടു മുപ്പതോട്‌ കൂടി ഞങ്ങൾ ക്ഷേത്ര മുറ്റത്ത്‌ എത്തി.

ഒരു തവണ മലയാലപ്പുഴയിൽ തൊഴാൻ വന്നാൽ വീണ്ടും വരണം എന്ന് മനസ് നമ്മോടു മന്ത്രിച്ചു കൊണ്ടിരിക്കും.അത്ര നല്ല അന്തരീക്ഷം ആണ് അവിടെ.നമ്മുടെ മനസിലെ ടെൻഷൻ എല്ലാം അകന്നു പോകും.അമ്മ വഴിപാടിന് രസീത് എടുക്കുന്നതിനു വേണ്ടി കൌണ്ടർ റിലേക്ക് പോയി. ഞാനും തങ്കുവും അമ്പലത്തിന്റെ ഭംഗി കണ്ടു കൊണ്ട് അവിടെ നിന്നു. അളിയനും ഭാര്യയും എന്തക്കയോ വഴിപാട്‌ കഴിക്കുന്നതിനു പോയി. ഇടക്ക് മൊബൈലിൽ ഒന്ന് രണ്ടു ഫോട്ടോ രഹസ്യമായി എടുത്തു. അന്ന് നല്ല തിരക്കുള്ള ദിവസമായിട്ടും വളരെ നന്നായി അമ്മയെ കണ്ടു തൊഴാൻ  സാധിച്ചു.

അതിനു ശേഷം വെളിയിൽ ഇറങ്ങി വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.അപ്പോൾ നല്ല വിശപ്പ്‌. എന്നാൽ വല്ലതും കഴിച്ചിട്ട് പോകാം എന്ന് ഞാൻ പറഞ്ഞു. അതെല്ലാവരും സമ്മതം മൂളി.മുകളിലത്തെ വഴിയിൽ ഒരു നല്ല നാടൻ ഹോട്ടൽ ഉണ്ട്. ഞങ്ങൾ അവിടെ കയറി അവരെല്ലാം പൊറോട്ടയും ഞാൻ ദോശയും കഴിച്ചു വീട്ടിലേക്കു യാത്രയായി.

തിരിച്ചു പോന്നപ്പോൾ മനസിന്‌ നല്ല ആശ്വാസം. ടെൻഷൻ എല്ലാം ഒഴിഞ്ഞു പോയത് പോലെ. ഇനി അടുത്ത യാത്രക്ക് വേണ്ടി കാത്തിരിക്കുന്നു. 

Wednesday 4 September 2013

ഉഷ ചേച്ചിയുടെ മരണം.

എന്റെ ഭാര്യ യുടെ വീടിന്റെ അടുത്തുള്ള ഇല്ലത്തെ ചേച്ചി ആണ് ഉഷ ചേച്ചി. ഞങ്ങളുടെ കല്യാണം കഴിഞ്ഞു ആദ്യമായി കവിയൂർ വീട്ടിൽ ചെന്നപ്പോഴാണ് ഉഷ ചേച്ചിയെ ആദ്യമായി ഞാൻ കാണുന്നത്. എല്ലാവരോടും വളരെ നല്ല രീതിയിൽ പെരുമാറുകയും സ്വന്തം വീടുപോലെ മറ്റുള്ളവരുടെ വീടിനെ കരുതുകയും ചെയ്യുന്ന ചേച്ചിയെ നമുക്ക് പെട്ടന്ന് മറക്കാൻ പറ്റില്ല.അവർക്ക് സാധാരണ നമ്പൂരി മാരുടെ പോലെ ആയിത്തമോന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ നായൻ മാരുടെ വീട്ടിൽ വരുകയും ആഹാരം കഴിക്കുകയും മറ്റും ചെയ്തിരുന്നു.ചേച്ചിക്ക് രണ്ടു പെണ്‍കുട്ടികൾ ആണ് ഉള്ളത്. ചേച്ചിയുടെ ഭർത്താവ് ചക്കുളത്ത് കാവിലെ ശാന്തിക്കാരൻ ആയിരുന്നു. വരുമാനം കുറവ് ആയിരുന്നെങ്കിലും വളരെ സന്തോഷത്തോടു കൂടിയായിരുന്നു അവർ കഴിഞ്ഞിരുന്നത്. കുട്ടികളിൽ മൂത്തയാൾ എന്ജിനിയരിങ്ങിനും രണ്ടാമത്തെ കുട്ടി ഡിഗ്രിക്കും ആണ് പഠിച്ചിരുന്നത്‌. കുട്ടികൾ പഠിക്കാൻ മിടുക്കരാണ്.

ഞങ്ങൾ ഇടക്ക് കവിയൂർ വീട്ടിൽ ചെല്ലുമ്പോൾ ചേച്ചി ഞങ്ങളെ കാണാൻ വീട്ടിൽ വരുമായിരുന്നു. എന്നെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു.ഒരു സഹോദരനെ കാണുന്നത് പോലെ ആയിരുന്നു എന്നെ കണ്ടിരുന്നത്‌.കഴിഞ്ഞ ഒരു മാസം മുൻപും അവിടെ ചെന്നപ്പോൾ ചേച്ചി അവിടെ കുറച്ചു കൊപ്ര ഉണങ്ങുന്നതിന് വേണ്ടി വന്നിരുന്നു. അന്ന് കുറെ സമയം ഞങ്ങളോട് സംസാരിച്ചു ഇരുന്നു. എന്തൊക്കയോ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി ചേച്ചി പറഞ്ഞു.മരണത്തെ കുറിച്ച് വരെ അപ്പോൾ സംസാരിച്ചിരുന്നു.

കുട്ടികളെ കുറിച്ചാണ് കൂടുതലായി പറഞ്ഞത്.എത്ര നന്നായി വളർത്തിയാലും അവർക്കൊന്നും  തിരിച്ചു ഒരു സ്നേഹവുമില്ല.അവരവരുടെ കാര്യം കാണാൻ ഉള്ള സ്നേഹം,അത്രേ ഉള്ളു എന്നാണ് പറഞ്ഞത്.അപ്പോൾ ഞാൻ ചോദിച്ചു അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്, അപ്പോൾ പറഞ്ഞു നമ്മൾ കൂടുതൽ പ്രതീക്ഷയോടെ കുട്ടികളെ വളർത്തരുത്. അത് അവസാനം നമ്മൾക്ക് ദുഃഖം മാത്രമേ തരു.

അതു കഴിഞ്ഞു പിറ്റേ ദിവസം ഞങ്ങൾ കോട്ടയത്തേക്ക് തിരിച്ചു പോന്നു. പിന്നെയും നാലു ദിവസത്തിന് ശേഷം ഞാൻ ഓഫീസിൽ നിന്നും വീട്ടിൽ വന്നു കാപ്പി കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്റെ ഭാര്യ ആശയുടെ മൊബൈലിൽ ഒരു വിളി വന്നു, കവിയൂരിൽനിന്നും അളിയന്റെ ഭാര്യ മായ ആണ് വിളിച്ചത്, "ഇല്ലത്തെ ഉഷ ചേച്ചി മരിച്ചു പോയി".എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല. നല്ല ചക്കകുരു പോലെ നടന്ന ചേച്ചി മരിച്ചു പോയി എന്ന് പറഞ്ഞാൽ എന്തു ചെയ്യും. ഞാൻ ആശയോട്‌ പറഞ്ഞു അവൾ പറയുന്നത് വേറെ ഉഷ ചേച്ചിയുടെ കാര്യമായിരിക്കും.

അല്ല, നമ്മുടെ ഉഷചേച്ചി തന്നെ. ചേച്ചിക്ക് രണ്ടു മൂന്ന് ദിവസമായി രക്തം പോക്കും വയറു വേദനയുമായി ആശുപത്രി യിൽ ആയിരുന്നു. അവിടുന്ന് ചേട്ടൻ ഇപ്പോൾ വിളിച്ചു പറഞ്ഞതാണ്‌.

അപ്പോൾ തന്നെ ആശ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.അവൾ ജോലി ചെയ്യുന്ന കമ്പനി യിലെ ഒരു കാർ പത്തനംതിട്ട ഭാഗത്തേക്ക്‌ പോകുന്നുണ്ട്. അവൾ അതിൽ കയറി നേരെ വീട്ടിലേക്കു പോയി.അവിടെ അളിയന്റെ ഭാര്യയും കുട്ടിയും ഒറ്റക്കെ ഉള്ളു.

പിറ്റേ ദിവസം രാവിലെ ഞാൻ ഓഫീസിൽ ലീവ് പറഞ്ഞു അമ്മയെയും, കുട്ടികളെയും കൂട്ടി കാറിൽ കവിയൂരിലേക്ക് പോയി. ഞങ്ങൾ ചെല്ലുമ്പോൾ ചേച്ചിയുടെ ശവം കൊണ്ടുവന്നതെ ഉള്ളു. ആളുകൾ വന്നു തുടങ്ങി. എനിക്ക് അവിടെ ചെന്ന് ചേച്ചിയെ കാണാൻ വളരെ വിഷമം തോന്നി. ഇത്ര ചെറു പ്രായത്തിൽ തന്നെ മരണം സംഭവിക്കുക എന്ന് പറഞ്ഞാൽ !!! എനിക്ക് ഓർത്തപ്പോൾ വിഷമം തോന്നി. ചേച്ചിക്ക് ഒരു നാല്പത്തിയെട്ട് വയസു മാത്രമേ പ്രായം ഉള്ളു.

കുറച്ചു സമയം അളിയന്റെ വീട്ടിൽ ഇരുന്നതിനു ശേഷം ഞാനും ആശയും അമ്മയും കൂടി ഇല്ലത്ത്  പോയി ചേച്ചിയുടെ ശവം കണ്ടു. ഉറങ്ങി കിടക്കുന്നത് പോലെ, ആ സമയം ചേച്ചി അന്ന് കണ്ടപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്റെ ചെവിയിൽ മുഴങ്ങി കേട്ടു.

ഉച്ചക്ക് ശേഷം 3 മണിക്കാണ് ശവടക്ക് പറഞ്ഞിരിക്കുന്നത്. ധാരാളം ആളുകൾ കാണാൻ വന്നു കൊണ്ടേ ഇരുന്നു.കൂടുതലും നാട്ടുകാരും,ചേച്ചിയുടെ കൂട്ടുകാരും,അവരുടെ വീട്ടിൽ നിന്നുമുള്ള ആളുകൾ ആയിരുന്നു.അതിൽ ഏറ്റവും സങ്കടകരം ചേച്ചിയുടെ അമ്മയും,അച്ഛനും ജീവിച്ചിരിപ്പുണ്ട് എന്നുള്ളതാണ്. അവർ എങ്ങനെ ഇത് സഹിക്കും.അതിൽ അമ്മയെ മാത്രമേ കൊണ്ട് വന്നുള്ളൂ. അച്ഛൻ കിടന്ന കിടപ്പാണ്. എന്ത് ചെയ്യാം അവരുടെ വിധി. അല്ലാതെ എന്ത് പറയാൻ.

കുറച്ചു സ്വന്തക്കാർ വന്നില്ല, സ്വത്തു തർക്കത്തിൽ പിണങ്ങി ഇരിപ്പാണ്. മനുഷ്യന്റെ കാര്യം ഇത്രേ ഉള്ളൂ. ജീവൻ പോയാൽ പിന്നെ എന്ത് സ്വത്ത്‌. അത് ഇവിടെ കിടക്കുകയും ചെയ്യും, നമ്മൾ വേറെ ലോകത്ത് എത്തുകയും ചെയ്യും.