Friday 27 December 2013

ഞങ്ങളുടെ ഒരു ഉത്സവ യാത്ര.


 ഇന്നലെ ഞാനും ആശയും കൂടി കവിയൂർ അമ്പലത്തിൽ പോയി. അവിടെ ഉത്സവം ആയിരുന്നു.ഞങ്ങൾ ബൈക്ക് നു ആയിരുന്നു പോയത്.ഒത്തിരി കാലം ആയി ബൈക്ക് ഇൽ ഒരു ലോങ്ങ്‌ ട്രിപ്പ്‌ പോയിട്ട്. മണർകാട്, പുതുപ്പള്ളി വഴി പോയത് കൊണ്ട് വഴി നല്ലതായിരുന്നു. അമ്പലത്തിൽ വെളിയിൽ എഴുന്നള്ളിക്കുന്നത് കാണുന്നതിനു വേണ്ടി ആയിരുന്നു ഞങ്ങൾ പോയത്. പിന്നെ വേല കളിയും കണ്ടു.

ചെറിയ രീതിയിൽ തണുപ്പുള്ള അന്തരീക്ഷം ആയിരുന്നു പോയ വഴിയിൽ എല്ലാം. ഒത്തിരി നാൾ കൂടി ലോങ്ങ്‌ ട്രിപ്പ്‌ ഓടിക്കുന്നത് കൊണ്ട് എനിക്ക് ചെറിയ മടി ഉണ്ടായിരുന്നു. പോകുന്ന വഴി അവളുടെ ഒരു ഫ്രണ്ട് ഇന്റെ വീട്ടിൽ കയറി. അദ്ദേഹം കൊടക് മഹിന്ദ്ര ബാങ്കിൽ മാനേജർ പോസ്റ്റിൽ ജോലി ചെയ്യുന്ന ആൾ ആയിരുന്നു. നടക്കൽ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. ഒന്ന് രണ്ട് പേരോട് വഴി ചോദിച്ചു വീട് കണ്ടെത്തി.

ഞങ്ങൾ അവിടെ ചെന്നപ്പോൾ അദ്ദേഹം അവിടെ ഇല്ലായിരുന്നു. മകൻ വന്നു ഗേറ്റ് തുറന്നു തന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങി വന്നു ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. ചേട്ടൻ പറഞ്ഞായിരുന്നു നിങ്ങൾ ഇപ്പോൾ വരുമെന്ന്......

അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്. ഒരു ആണും മറ്റേതു പെണ്ണും. നല്ല മര്യാദ ഉള്ള കുട്ടികൾ. ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നപ്പോൾ അദ്ദേഹം വന്നു. പിന്നെ കുറെ നേരം ജോലിയെ കുറിച്ചും മറ്റും സംസാരിച്ചു കൊണ്ടിരുന്നു.

എന്റെ ഭാര്യ ആശ കുറച്ചു നാൾ കൊടക് മഹിന്ദ്ര ബാങ്കിൽ ജോലിക്ക് പോയിരുന്നു. അതിനു ശേഷം പ്രേഗ്നെന്റ്റ് ആയപ്പോൾ ജോലി നിർത്തിയിരുന്നു. പക്ഷെ കുറച്ചു നാൾ കൂടി നിന്നിരുന്നെങ്കിൽ ബാങ്കിന്റെ സ്റ്റാഫ്‌ ആയേനെ ........... അതിനെ കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് ഞാൻ പറഞ്ഞു.

അപ്പോഴേക്കും ചേച്ചി കാപ്പിയും, കേക്ക് ഉം ആയിട്ടു വന്നു. പിന്നെ അവരുമായി കുറെ സമയം സംസാരിച്ചു. പറഞ്ഞു പിടിച്ചു വന്നപ്പോൾ എന്റെ ഭാര്യയുമായി അവർക്ക് അകന്ന ബന്ധം ഉണ്ട്. ചേച്ചി ഒരു സ്കൂൾ ടീച്ചർ ആണ് കൂടാതെ വീട്ടിൽ 40 ഓളം കുട്ടികൾക്ക് ട്യുഷൻ എടുക്കുന്നുണ്ട്.

കുട്ടികൾ 5 ലും 9 തിലും പഠിക്കുന്നു. സമയം പോയത് കൊണ്ട് 6 മണി ആയപ്പോൾ ഞങ്ങൾ അവരോടു വിട പറഞ്ഞു അമ്പലത്തിലേക്ക് പോയി. അവിടെ ചെന്നപ്പോൾ സാധാരണ നല്ല തിരക്ക് കാണേണ്ടതാണ്. പക്ഷെ ആളുകൾ തീരെ കുറവായിരുന്നു. തിരക്ക് പേടിച്ചാണ് ഞാൻ കാർ എടുക്കാതെ ബൈക്ക് ഇൽ പോന്നത്.

എല്ലാം കഴിഞ്ഞതിനു ശേഷം 9 മണി ആയപ്പോൾ ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി. ഇപ്പോൾ ആളുകൾക്ക് അമ്പലവും ഉത്സവവും ഒന്നും അത്ര കാര്യം ഇല്ല. ചിന്തികടയിൽ ഒന്നും കാര്യമായ കച്ചവടം കണ്ടില്ല. കാലത്തിന്റെ ഒരു പോക്കെ ................


Sunday 22 December 2013

ബേബി ചേട്ടൻ.


1993 ഇൽ ഞാൻ ആദ്യമായി ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി യിൽ ചെന്നപ്പോഴാണ് ബേബി ചേട്ടനെ കാണുന്നത്. ഏകദേശം 6 അടിയോളം ഉയരവും ഒത്ത ശരീരവും ഉള്ള ഒരു മനുഷ്യനാണ് ബേബി ചേട്ടൻ. ചെന്ന ദിവസം പുള്ളിക്കാരൻ അവിടെ ഉണ്ടായിരുന്നു. അപ്പോൾ എനിക്ക് ഇത് ആരാണ് എന്ന് മനസിലായില്ല. എന്നെ വന്നു പരിചയപെട്ടു, എന്റെ പേര് ബേബി, ഞാൻ ഒരു എൽ ഐ സീ എജെന്റ് ആണ് എന്ന് പറഞ്ഞു. വാ തോരാതെ സംസാരിക്കുന്ന ഒരാളായിരുന്നു. എന്നോടും പറഞ്ഞു ഒരു പോളിസി എടുക്കണം. ജീവിതത്തിൽ കുറച്ചു പൈസ മിച്ചം പിടിക്കണം എന്നൊക്കെ ....

അപ്പൊ ഞാൻ പറഞ്ഞു ചേട്ടാ ...ഞാൻ ജോലിക്ക് വന്നതേ ഉള്ളു ഇത് വരെ എത്ര രൂപ ശമ്പളം കിട്ടും എന്ന് പോലും എനിക്കറിയില്ല. അപ്പോൾ ചേട്ടൻ പറഞ്ഞു കുഴപ്പമില്ല പതുക്കെ മതി ഞാൻ പറഞ്ഞന്നേ ഉള്ളു. അതിനു ശേഷം ഞാൻ ഒരു പോളിസി വാങ്ങി.

അവിടെ എല്ലാവരെയും കൊണ്ട് പോളിസി എടുപ്പിച്ചിട്ടുണ്ട്. എപ്പോഴും ഒരു യുണിഫോം ടൈപ്പ് ഡ്രസ്സ്‌ ആണ് ധരിക്കുന്നത്. ആളൊരു ക്രിസ്തീയ മത വിശ്വാസി ആയിരുന്നു. എല്ലാ കാര്യങ്ങളെയും കുറിച്ച് നല്ല അറിവ് ഉള്ള ഒരു വ്യക്തി ആണ്.

അദ്ദേഹത്തിന് രണ്ടു കുട്ടികൾ ആണ്. ഒരു ആണും മറ്റേതു പെണ്ണും. അവർ നഴ്സിംഗ് പഠിക്കുന്നു. വൈഫ്‌ ജോലി ഒന്നും ഇല്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ബേബി ചേട്ടൻ പെന്തകൊസിൽ ചേരുന്നത്. എങ്ങനെ ആണ് അതിൽ വന്നു പെട്ടത് എന്ന് എനിക്കറിയില്ല. ആദ്യം ഞാൻ വിചാരിച്ചത് ഒത്തിരി ആളുകളെ കൊണ്ട് പോളിസി എടുപ്പിക്കാൻ വേണ്ടി ആയിരിക്കും അങ്ങനെ ചെയ്തത് എന്നാണ്. പിന്നെ എനിക്ക് സംസാരത്തിൽ നിന്നും അതൊന്നും അല്ല എന്ന് മനസിലായി.

അത് കഴിഞ്ഞു എപ്പോൾ ഓഫീസിൽ വന്നാലും അവിടെ ഉള്ള ആളുകൾക്ക് ഓരോ ഉപദേശങ്ങൾ കൊടുക്കുമായിരുന്നു. പലപ്പോഴും പലരുമായി സംവാദങ്ങൾ വരെ നടത്തുമായിരുന്നു. പള്ളിയിൽ പോകരുത്. അതൊക്കെ ശുദ്ധ അസംബന്ധം ആണ് എന്നൊക്കെ പറയും. അതുകൊണ്ട് ആളുകൾ ഇങ്ങേരെ കാണുമ്പോൾ ഓടി ഒളിക്കും.

എനിക്ക് പക്ഷെ ചേട്ടനെ വലിയ കാര്യമായിരുന്നു. അങ്ങേരുമായി കുറച്ചു സമയം സംസാരിക്കുമ്പോൾ മനസിന്‌ ഒരു ശാന്തത വന്നു ചേരുന്നത് പോലെ എനിക്ക് തോന്നുമായിരുന്നു. പക്ഷെ എനിക്ക് മതം മാറാൻ ഒന്നും പരിപാടി ഇല്ല.

ഒരു ദിവസം ഞാനും ആശയും കൂടി ചേട്ടന്റെ വീട്ടിൽ പോയിരുന്നു. വളരെ നല്ല സ്വീകരണമാണ് ഞങ്ങൾക്ക്  കിട്ടിയത്. ഒത്തിരി നേരം പല കാര്യങ്ങളെയും കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഒരു ചക്കയും വാങ്ങി ആണ് തിരിച്ചു പോന്നത്.

ഇപ്പോൾ ഈ കഴിഞ്ഞ ദിവസം എനിക്ക് രൂപ യിക്ക് വളരെ അത്യാവിശ്യം വന്നപ്പോൾ ബേബി ചേട്ടനെ വിളിച്ചു പോളിസികൾ സറണ്ടർ ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചു. അപ്പോൾ എന്നോടും പറഞ്ഞു അവരുടെ പ്രാർഥനയിൽ ആശയും ഒത്തു വന്നു പങ്കാളി ആകാൻ. അവർ ഇവിടെ ഇല്ലാത്തതു കൊണ്ട് ഞാൻ ചെല്ലാം എന്ന് സമ്മതിച്ചു ഇന്നു പോയി കേട്ടു . ഒരു ഹാളിൽ കുറച്ചു ആളുകൾ  ഒന്നിച്ചു കൂടി ഇരുന്നു ഈശോ യുടെ പാട്ടുകൾ പാടുന്നു. ഇടക്ക് അവർ കൈ കൊട്ടുന്നുമുണ്ട്.

ബേബി ചേട്ടൻ ആണ് മൈക്കിൽ കൂടി അവർക്ക് സുവിശേഷം പറഞ്ഞു കൊടുക്കുന്നത്. എനിക്ക് വലിയ് ഭക്തി ഒന്നും തോന്നിയില്ല.എല്ലാ മതക്കാരും അവരുടെ രീതിയിൽ അല്ലെ പ്രർധിക്കുന്നതു. ഇതിൽ വലിയ പ്രത്യേകത ഒന്നും ഇല്ല. ഇടക്ക് പറയുന്നുണ്ട് ബാക്കി മതക്കാരും ഇതിൽ ചേരണം എന്നൊക്കെ. ..... ഇടക്ക് കുറച്ചു ആളുകളെ വിളിച്ചു സ്റ്റേജിൽ പരിചയ പെടുത്തുന്നു ഉണ്ടായിരുന്നു. അപ്പോൾ ഞാൻ വളരെ പേടിച്ചു ഇരിക്കുകയായിരുന്നു, ഇനി എന്നെ എങ്ങാനും വിളിക്കുമോ എന്നോർത്ത്. പക്ഷെ വിളിച്ചില്ല,

അതിനു ശേഷം കാപ്പി കുടിയും കേക്ക് ഉം കഴിച്ചു ഞാൻ പോരാൻ തുടങ്ങിയപ്പോൾ ബേബി ചേട്ടൻ പറഞ്ഞു എല്ലാവരെയും പരിചയപെട്ടിട്ട് പോകാം.അപ്പോൾ അതിൽ ഒരു അപ്പച്ചൻ ചോദിച്ചു ഇന്നു പുതിയതായി വന്ന ആളാണ് അല്ലെ എന്ന്, അതിനിടയിൽ ബേബി ചേട്ടൻ പ്രസങ്ങിച്ചപ്പോൾ ഒരു ഹിന്ദു മത വിശ്വാസി ഇന്ന് വന്നിട്ടുണ്ട് എന്ന് പറഞ്ഞു. എനിക്കൊരു വല്ലയിമ തോന്നി. ഏതായാലും അത് കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവിടുന്ന് പിടി വിട്ടു.


Tuesday 10 December 2013

ഉപ്പാപ്പ

ഞങ്ങൾ പാറമ്പുഴയിൽ ആദ്യമായി ആറു കൊല്ലം മുൻപ് വാടക യിക്ക് താമസിക്കാൻ വന്നപ്പോഴാണ് ആദ്യമായി ഉപ്പാപ്പയെ കാണുന്നത്.ചന്ദ്രൻ എന്നാണ് ഈ ചേട്ടന്റെ ശരിക്കുള്ള പേര്. ഞങ്ങൾ അവിടെ സ്ഥലം മേടിച്ചു വീട് പണി തുടങ്ങിയപ്പോൾ ഇവരുടെ വീട്ടിൽ ആണ് സിമെന്റും പണി സാധനങ്ങളും വെച്ചിരുന്നത്.

വളരെ നല്ല ഒരു വ്യക്തി ആയിരുന്നു ഉപ്പാപ്പ.പക്ഷെ മിക്കവാറും എല്ലാ ദിവസവും വെള്ളമടിക്കും. വാട്ടർ വർക്സ്  ഇൽ ആയിരുന്നു ജോലി. അതുകൊണ്ട് പെൻഷൻ ഉണ്ട്. അത് കിട്ടിയാൽ വെള്ളമടി തുടങ്ങും. പക്ഷെ ആർക്കും ഒരു ഉപദ്രവവും  ഉണ്ടാക്കാറില്ല.

കാശെല്ലാം തീർന്നു കഴിയുമ്പോൾ വീട്ടിൽ വന്നു എന്റെ അമ്മയോടോ, ആശയോടോ പൈസ കടം മേടിച്ചു അടുത്തുള്ള ഷാപ്പിൽ പോയി വയറു നിറച്ചു കള്ള് കുടിക്കും.

ഒരു  അടി പൊളി ജീവിതമായിരുന്നു ഉപ്പപ്പയുടെത്.മക്കൾ രണ്ടു പേർ. പ്രതീഷ് ഉം പ്രതീപ് ഉം. രണ്ടു പേരും ജോലി ചെയ്തു ജീവിക്കുന്നു. കല്യാണവും കഴിഞ്ഞു കുട്ടികളും ഉണ്ട്.

അങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയിലാണ് രണ്ടാഴ്ച മുൻപ് ഒരു വിശപ്പില്ലയിമയുടെ രൂപത്തിൽ മരണം അദ്ധേഹത്തെ സമീപിക്കുന്നത്. മെഡിക്കൽ കോളേജിൽ കൊണ്ട് പോയി ഡോക്ടറെ കാണിച്ചു. ഒരു സർജറി വേണം എന്ന് പറഞ്ഞു. അത് ചെയ്തു കഴിഞ്ഞപ്പോൾ മുതൽ ഓരോ കുഴപ്പങ്ങൾ കണ്ടു  തുടങ്ങി.സ്കാൻ ചെയ്തപ്പോൾ ലിവർ ന്റെ സ്ഥാനത്ത് ഒന്ന് മില്ല. അത് ചുരുങ്ങി ചെറുതായി പോയി. അമിതമായ മദ്യപാനം തന്നെ കാരണം.

അങ്ങനെ അവിടെ രണ്ടാഴ്ച കിടന്നു. അപ്പോഴേക്കും കിട്നിയും ജോലി നിർത്തി. അങ്ങനെ ഉപ്പാപ്പ ഈ ഭൂമിയിൽ നിന്നും യാത്രയായി. അത് കഴിഞ്ഞു ബോഡി വീട്ടിൽ കൊണ്ട് വന്നു.ധാരാളം ആളുകൾ കാണാൻ എത്തി കൊണ്ടിരുന്നു. ആളുകൾ നല്ല വണ്ണം സഹകരിച്ചു ബോഡി ദഹിപ്പിച്ചു.

അത് കഴിഞ്ഞു അവിടെയും ആളുകൾ വെള്ളമടി തുടങ്ങി. ഇത് ദുഃഖം കൊണ്ട് കഴിക്കുന്നതാണ് എന്നാണ് അവർ പറയുന്നത്. എത്ര കണ്ടാലും പഠിക്കില്ല എന്ന് വെച്ചാൽ എന്തു ചെയ്യും. 


                     

Friday 6 September 2013

മലയാലപ്പുഴ യാത്ര.





ഈ കഴിഞ്ഞ ഒരു മാസം മുൻപ് ഞങ്ങൾ മലയാലപ്പുഴ ക്ഷേത്രത്തിൽ പോയിരുന്നു. ഞങ്ങൾ വർഷത്തിൽ രണ്ടോ,മൂന്നോ പ്രാവശ്യം മലയാലപ്പുഴ അമ്പലത്തിൽ പോകാറുണ്ട്. ഞങ്ങൾ എപ്പോൾ അവിടെ പോകാൻ തീരുമാനിച്ചാലും ഒരു തടസവും കൂടാതെ പോകാൻ പറ്റാറുണ്ട്. വളരെ ശക്തി ഉള്ള ദേവി ആണ് മലയാലപ്പുഴ ഭഗവതി. വന ദുർഗ്ഗ ആണ് അവിടുത്തെ പ്രതിക്ഷ്ഠ.



തലേ ദിവസം തന്നെ മൊബൈൽ ഫോണിൽ അലാറം സെറ്റ് ചെയ്തു ഞങ്ങൾ ഉറങ്ങാൻ കിടന്നു.രാവിലെ അഞ്ചു മണിക്ക് എഴുനേറ്റു പ്രഭാത കർമങ്ങൾക്ക് ശേഷം ഒരുങ്ങി 6 മണിയോട് കൂടി ഞാനും എന്റെ മൂത്ത മകൾ തങ്കുവും അമ്മയും ഒത്തു എന്റെ കാറിൽ യാത്രയായി. ഏകദേശം ആറു പതിനഞ്ചു ആയപ്പോൾ കവിയൂർ വീടിനടുത്ത് എത്തി. അവിടെ നിന്നും എന്റെ അളിയനും ഭാര്യയും മകൻ അപ്പുവും അവിടെ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു. അവരെയും കൂട്ടി വീണ്ടും യാത്ര തുടർന്നു.ഏകദേശം എട്ടു മുപ്പതോട്‌ കൂടി ഞങ്ങൾ ക്ഷേത്ര മുറ്റത്ത്‌ എത്തി.

ഒരു തവണ മലയാലപ്പുഴയിൽ തൊഴാൻ വന്നാൽ വീണ്ടും വരണം എന്ന് മനസ് നമ്മോടു മന്ത്രിച്ചു കൊണ്ടിരിക്കും.അത്ര നല്ല അന്തരീക്ഷം ആണ് അവിടെ.നമ്മുടെ മനസിലെ ടെൻഷൻ എല്ലാം അകന്നു പോകും.അമ്മ വഴിപാടിന് രസീത് എടുക്കുന്നതിനു വേണ്ടി കൌണ്ടർ റിലേക്ക് പോയി. ഞാനും തങ്കുവും അമ്പലത്തിന്റെ ഭംഗി കണ്ടു കൊണ്ട് അവിടെ നിന്നു. അളിയനും ഭാര്യയും എന്തക്കയോ വഴിപാട്‌ കഴിക്കുന്നതിനു പോയി. ഇടക്ക് മൊബൈലിൽ ഒന്ന് രണ്ടു ഫോട്ടോ രഹസ്യമായി എടുത്തു. അന്ന് നല്ല തിരക്കുള്ള ദിവസമായിട്ടും വളരെ നന്നായി അമ്മയെ കണ്ടു തൊഴാൻ  സാധിച്ചു.

അതിനു ശേഷം വെളിയിൽ ഇറങ്ങി വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.അപ്പോൾ നല്ല വിശപ്പ്‌. എന്നാൽ വല്ലതും കഴിച്ചിട്ട് പോകാം എന്ന് ഞാൻ പറഞ്ഞു. അതെല്ലാവരും സമ്മതം മൂളി.മുകളിലത്തെ വഴിയിൽ ഒരു നല്ല നാടൻ ഹോട്ടൽ ഉണ്ട്. ഞങ്ങൾ അവിടെ കയറി അവരെല്ലാം പൊറോട്ടയും ഞാൻ ദോശയും കഴിച്ചു വീട്ടിലേക്കു യാത്രയായി.

തിരിച്ചു പോന്നപ്പോൾ മനസിന്‌ നല്ല ആശ്വാസം. ടെൻഷൻ എല്ലാം ഒഴിഞ്ഞു പോയത് പോലെ. ഇനി അടുത്ത യാത്രക്ക് വേണ്ടി കാത്തിരിക്കുന്നു. 

Wednesday 4 September 2013

ഉഷ ചേച്ചിയുടെ മരണം.

എന്റെ ഭാര്യ യുടെ വീടിന്റെ അടുത്തുള്ള ഇല്ലത്തെ ചേച്ചി ആണ് ഉഷ ചേച്ചി. ഞങ്ങളുടെ കല്യാണം കഴിഞ്ഞു ആദ്യമായി കവിയൂർ വീട്ടിൽ ചെന്നപ്പോഴാണ് ഉഷ ചേച്ചിയെ ആദ്യമായി ഞാൻ കാണുന്നത്. എല്ലാവരോടും വളരെ നല്ല രീതിയിൽ പെരുമാറുകയും സ്വന്തം വീടുപോലെ മറ്റുള്ളവരുടെ വീടിനെ കരുതുകയും ചെയ്യുന്ന ചേച്ചിയെ നമുക്ക് പെട്ടന്ന് മറക്കാൻ പറ്റില്ല.അവർക്ക് സാധാരണ നമ്പൂരി മാരുടെ പോലെ ആയിത്തമോന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ നായൻ മാരുടെ വീട്ടിൽ വരുകയും ആഹാരം കഴിക്കുകയും മറ്റും ചെയ്തിരുന്നു.ചേച്ചിക്ക് രണ്ടു പെണ്‍കുട്ടികൾ ആണ് ഉള്ളത്. ചേച്ചിയുടെ ഭർത്താവ് ചക്കുളത്ത് കാവിലെ ശാന്തിക്കാരൻ ആയിരുന്നു. വരുമാനം കുറവ് ആയിരുന്നെങ്കിലും വളരെ സന്തോഷത്തോടു കൂടിയായിരുന്നു അവർ കഴിഞ്ഞിരുന്നത്. കുട്ടികളിൽ മൂത്തയാൾ എന്ജിനിയരിങ്ങിനും രണ്ടാമത്തെ കുട്ടി ഡിഗ്രിക്കും ആണ് പഠിച്ചിരുന്നത്‌. കുട്ടികൾ പഠിക്കാൻ മിടുക്കരാണ്.

ഞങ്ങൾ ഇടക്ക് കവിയൂർ വീട്ടിൽ ചെല്ലുമ്പോൾ ചേച്ചി ഞങ്ങളെ കാണാൻ വീട്ടിൽ വരുമായിരുന്നു. എന്നെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു.ഒരു സഹോദരനെ കാണുന്നത് പോലെ ആയിരുന്നു എന്നെ കണ്ടിരുന്നത്‌.കഴിഞ്ഞ ഒരു മാസം മുൻപും അവിടെ ചെന്നപ്പോൾ ചേച്ചി അവിടെ കുറച്ചു കൊപ്ര ഉണങ്ങുന്നതിന് വേണ്ടി വന്നിരുന്നു. അന്ന് കുറെ സമയം ഞങ്ങളോട് സംസാരിച്ചു ഇരുന്നു. എന്തൊക്കയോ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി ചേച്ചി പറഞ്ഞു.മരണത്തെ കുറിച്ച് വരെ അപ്പോൾ സംസാരിച്ചിരുന്നു.

കുട്ടികളെ കുറിച്ചാണ് കൂടുതലായി പറഞ്ഞത്.എത്ര നന്നായി വളർത്തിയാലും അവർക്കൊന്നും  തിരിച്ചു ഒരു സ്നേഹവുമില്ല.അവരവരുടെ കാര്യം കാണാൻ ഉള്ള സ്നേഹം,അത്രേ ഉള്ളു എന്നാണ് പറഞ്ഞത്.അപ്പോൾ ഞാൻ ചോദിച്ചു അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്, അപ്പോൾ പറഞ്ഞു നമ്മൾ കൂടുതൽ പ്രതീക്ഷയോടെ കുട്ടികളെ വളർത്തരുത്. അത് അവസാനം നമ്മൾക്ക് ദുഃഖം മാത്രമേ തരു.

അതു കഴിഞ്ഞു പിറ്റേ ദിവസം ഞങ്ങൾ കോട്ടയത്തേക്ക് തിരിച്ചു പോന്നു. പിന്നെയും നാലു ദിവസത്തിന് ശേഷം ഞാൻ ഓഫീസിൽ നിന്നും വീട്ടിൽ വന്നു കാപ്പി കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്റെ ഭാര്യ ആശയുടെ മൊബൈലിൽ ഒരു വിളി വന്നു, കവിയൂരിൽനിന്നും അളിയന്റെ ഭാര്യ മായ ആണ് വിളിച്ചത്, "ഇല്ലത്തെ ഉഷ ചേച്ചി മരിച്ചു പോയി".എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല. നല്ല ചക്കകുരു പോലെ നടന്ന ചേച്ചി മരിച്ചു പോയി എന്ന് പറഞ്ഞാൽ എന്തു ചെയ്യും. ഞാൻ ആശയോട്‌ പറഞ്ഞു അവൾ പറയുന്നത് വേറെ ഉഷ ചേച്ചിയുടെ കാര്യമായിരിക്കും.

അല്ല, നമ്മുടെ ഉഷചേച്ചി തന്നെ. ചേച്ചിക്ക് രണ്ടു മൂന്ന് ദിവസമായി രക്തം പോക്കും വയറു വേദനയുമായി ആശുപത്രി യിൽ ആയിരുന്നു. അവിടുന്ന് ചേട്ടൻ ഇപ്പോൾ വിളിച്ചു പറഞ്ഞതാണ്‌.

അപ്പോൾ തന്നെ ആശ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.അവൾ ജോലി ചെയ്യുന്ന കമ്പനി യിലെ ഒരു കാർ പത്തനംതിട്ട ഭാഗത്തേക്ക്‌ പോകുന്നുണ്ട്. അവൾ അതിൽ കയറി നേരെ വീട്ടിലേക്കു പോയി.അവിടെ അളിയന്റെ ഭാര്യയും കുട്ടിയും ഒറ്റക്കെ ഉള്ളു.

പിറ്റേ ദിവസം രാവിലെ ഞാൻ ഓഫീസിൽ ലീവ് പറഞ്ഞു അമ്മയെയും, കുട്ടികളെയും കൂട്ടി കാറിൽ കവിയൂരിലേക്ക് പോയി. ഞങ്ങൾ ചെല്ലുമ്പോൾ ചേച്ചിയുടെ ശവം കൊണ്ടുവന്നതെ ഉള്ളു. ആളുകൾ വന്നു തുടങ്ങി. എനിക്ക് അവിടെ ചെന്ന് ചേച്ചിയെ കാണാൻ വളരെ വിഷമം തോന്നി. ഇത്ര ചെറു പ്രായത്തിൽ തന്നെ മരണം സംഭവിക്കുക എന്ന് പറഞ്ഞാൽ !!! എനിക്ക് ഓർത്തപ്പോൾ വിഷമം തോന്നി. ചേച്ചിക്ക് ഒരു നാല്പത്തിയെട്ട് വയസു മാത്രമേ പ്രായം ഉള്ളു.

കുറച്ചു സമയം അളിയന്റെ വീട്ടിൽ ഇരുന്നതിനു ശേഷം ഞാനും ആശയും അമ്മയും കൂടി ഇല്ലത്ത്  പോയി ചേച്ചിയുടെ ശവം കണ്ടു. ഉറങ്ങി കിടക്കുന്നത് പോലെ, ആ സമയം ചേച്ചി അന്ന് കണ്ടപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്റെ ചെവിയിൽ മുഴങ്ങി കേട്ടു.

ഉച്ചക്ക് ശേഷം 3 മണിക്കാണ് ശവടക്ക് പറഞ്ഞിരിക്കുന്നത്. ധാരാളം ആളുകൾ കാണാൻ വന്നു കൊണ്ടേ ഇരുന്നു.കൂടുതലും നാട്ടുകാരും,ചേച്ചിയുടെ കൂട്ടുകാരും,അവരുടെ വീട്ടിൽ നിന്നുമുള്ള ആളുകൾ ആയിരുന്നു.അതിൽ ഏറ്റവും സങ്കടകരം ചേച്ചിയുടെ അമ്മയും,അച്ഛനും ജീവിച്ചിരിപ്പുണ്ട് എന്നുള്ളതാണ്. അവർ എങ്ങനെ ഇത് സഹിക്കും.അതിൽ അമ്മയെ മാത്രമേ കൊണ്ട് വന്നുള്ളൂ. അച്ഛൻ കിടന്ന കിടപ്പാണ്. എന്ത് ചെയ്യാം അവരുടെ വിധി. അല്ലാതെ എന്ത് പറയാൻ.

കുറച്ചു സ്വന്തക്കാർ വന്നില്ല, സ്വത്തു തർക്കത്തിൽ പിണങ്ങി ഇരിപ്പാണ്. മനുഷ്യന്റെ കാര്യം ഇത്രേ ഉള്ളൂ. ജീവൻ പോയാൽ പിന്നെ എന്ത് സ്വത്ത്‌. അത് ഇവിടെ കിടക്കുകയും ചെയ്യും, നമ്മൾ വേറെ ലോകത്ത് എത്തുകയും ചെയ്യും.

Wednesday 21 August 2013

എന്റെ ലക്ഷ്യം.

 അങ്ങനെ എന്റെ ജീവിതത്തിലെ ഒന്നാം അദ്ധ്യായം കഴിഞ്ഞു എന്ന് ഞാൻ വിചാരിക്കുന്നു. അതെന്തെന്നാൽ, ഇനി ഞാൻ ജീവിക്കുന്നത് എന്റെ കുട്ടികൾക്ക് വേണ്ടിയാണ്. അതാണ് എന്റെ പരമമായ ലക്ഷ്യം. അവരെ നല്ല രീതിയിൽ പഠിപ്പിക്കണം, നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചു വിടണം, അങ്ങനെ പലതും.അതിനെല്ലാം നല്ല ഒരു ജോലി കൂടിയെ തീരു.അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഞാൻ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. അപ്പോൾ ചിലർ എന്നോട് പറഞ്ഞു, അങ്ങനെ കുട്ടികൾക്ക് വേണ്ടിയാണു ജീവിക്കുന്നത് എന്ന് പറയരുത്, അവരെ കുറിച്ച് ഒത്തിരി പ്രതീക്ഷ വച്ച് പുലർതരുതു എന്നൊക്കെ പറഞ്ഞു. വയസാകുമ്പോൾ അവർ നൊക്കിയിലെംകിൽ നമുക്ക് ഒത്തിരി വിഷമം തോന്നും എന്നൊക്കെ. അതൊക്കെ ശരിയാണ്, ചിലപ്പോൾ അവർ നോക്കിയെന്നു വരില്ല, അതാണ് ഇപ്പോൾ കണ്ടു വരുന്നത്. അതൊക്കെ ഞാനും പ്രതീക്ഷിക്കുന്നു എന്നാലും എനിക്ക് ഒരു ലക്ഷ്യം ഉണ്ട്.അത് നേടുന്നത് വരെ അതിനു വേണ്ടി നിരന്തരം ശ്രമിച്ചു കൊണ്ടേ ഇരിക്കും.

ഇതൊക്കെ തന്നെ ആയിരിക്കും മിക്കവാറും എല്ലാ മാതാ പിതാക്കളുടെയും ആഗ്രഹം. എന്തു തന്നെ ആയാലും നമുക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം വേണം.പിന്നെ നമ്മൾ എങ്ങനെ ഒക്കെ കൂട്ടി കിഴിച്ചാലും കുറച്ചു ഈശ്വരാധീനം കൂടി വേണം എന്നാണ് എന്റെ വിശ്വാസം.ചില ആളുകളെ കണ്ടിട്ടില്ലേ അവർ വെറുതെ സമയം കളഞ്ഞു രാവിലെ മുതൽ വയികുന്നേരം വരെ വല്ല ആലിൻ ചുവട്ടിലോ,കട തിണ്ണ യിലോ ഇരുന്നു സമയം വെറുതെ കളയുന്നു. അവര്ക്ക് ഒരു ലക്ഷ്യവുമില്ല. ഒന്നും നേടാനുമില്ല. വയികുന്നേരം ആകുമ്പോൾ എങ്ങനെ എങ്കിലും രണ്ടെണ്ണം അടിക്കണം. അങ്ങനെ ഒരു വിചാരം മാത്രമേ ഉള്ളു. അവരെ കൊണ്ട് വീട്ടുകാർക്ക് യാതൊരു പ്രയോജനവും ഇല്ല.

ഒരിക്കലും ആരും അങ്ങനെ ആയി തീരരുത്. നമ്മളെ ഓരോരുത്തരെയും ഭൂമിയിലേക്ക്‌ വിട്ടിരിക്കുന്നത് ഓരോ ഓരോ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി ആണ്. അത് നാം നിറവേറ്റിയ ശേഷം വേണം ഭൂമിയിൽ നിന്ന് പോകാൻ. മനുഷ്യ ജന്മം ഒരിക്കലെ ഉള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു.

ജീവിതത്തിൽ നമുക്ക് പല വിഷമങ്ങളും നേരിടേണ്ടി വരും. അപ്പോഴൊക്കെ തളരാതെ മുന്നേറുകയാണ് വേണ്ടത്. നമ്മുടെ സ്വപ്‌നങ്ങൾ ആണ് നമ്മളെ ഓരോ ദിവസവും ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത്.അങ്ങനെ ഓരോ പുലരിയും നാം ആ ലക്ഷ്യത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കും. അപ്പോഴാണ് ജീവിതത്തിനു ഒരു അർത്ഥം ഉണ്ടാകുന്നത്.

Wednesday 31 July 2013

എന്റെ ജീവിതത്തിലോട്ട്‌ ഒരു തിരിഞ്ഞു നോട്ടം.


ഇന്ന് ഇത് എഴുതാൻ ഒരു കാരണം ഉണ്ട്. ഞാൻ കുറച്ചു ദിവസങ്ങൾ ആയി മോഹൻലാൽ ഇന്റെ ബ്ലോഗ്‌ വായിക്കാറുണ്ട്. ലാലേട്ടൻ വളരെ മനോഹരമായി ആണ് ഓരോ കാര്യത്തെയും കുറിച്ച് എഴുതിയിരിക്കുന്നത്. അപ്പോൾ എനിക്കും തുടർച്ചയായി  ബ്ലോഗ്‌ എഴുതണം എന്ന ഒരു മോഹം ഉദിച്ചു. ഞാൻ ഒരു എഴുത്തു കാരനോ , കവിയോ ഒന്നും അല്ല. ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. എന്റെ കഴിഞ്ഞ കാലത്തിലോട്ടു ഒരു എത്തിനോട്ടം മാത്രമാണിത്. 

1993 ഇൽ എന്റെ പതിനേഴാമത്തെ വയസ്സിൽ ആണ് ഞാൻ ഓറി യെന്റൽ എന്ന കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ആ  സമയത്തു എന്റെ വീട്ടിലെ സാഹചര്യങ്ങൾ വളരെ മോശം ആയിരുന്നു. അന്ന് ഞാൻ പ്രീ ഡിഗ്രി കഴിഞ്ഞ് ടൈപ്പ് പഠിപ്പും കഴിഞ്ഞു നില്ക്കുകയായിരുന്നു. നേരത്തെ തന്നെ എന്റെ അച്ഛൻ ന്റെ സുഹ്രത്ത് ആയ മോഹനൻ ചേട്ടനോട് ഒരു ജോലിയുടെ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ഞാനും ആ ജോലി നോക്കി നില്ക്കുകയായിരുന്നു. അതിനൊരു കാരണം ഉണ്ട്, എന്റെ അനിയൻ സ്കൂൾ പഠനം കഴിഞ്ഞു എന്ജിനിയരിങ്ങ് പഠിക്കാൻ പോകാൻ നില്ക്കുകയായിരുന്നു. രണ്ടു പേരെയും കൂടി പഠിപ്പിക്കാൻ അച്ഛന് കഴിവില്ലായിരുന്നു. അനിയനെ രക്ഷപെടുതുന്നതിനു വേണ്ടി ഞാൻ സ്വയം പഠനം നിർത്തി . എനിക്ക് ഓട്ടോ മൊബൈൽ പഠിക്കണം എന്നായിരുന്നു ആഗ്രഹം. ഒന്നും നടന്നില്ല . സാരമില്ല , അനിയൻ രക്ഷപെട്ടു, അതുമതി. 

അങ്ങനെ ഒരു ദിവസം വീട്ടിൽ ഇരിക്കുമ്പോൾ മോഹനൻ ചേട്ടന്റെ ഫോണ്‍ വന്നു. അവരുടെ കമ്പനിയിൽ ഒരു റ്റ്യ്പിസ്റ്റ് ന്റെ ഒഴിവു ഉണ്ട് , നാളെ തന്നെ അച്ഛനെയും കൂട്ടി വരാൻ പറഞ്ഞു. അപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഒരു സ്കൂൾ തലത്തിൽ നിന്നും ഒരു ഓഫീസിൽ  വന്ന എനിക്ക് അവിടെ വളരെ വീർപ്പുമുട്ടൽ അനുഭവപെട്ടു . കുറച്ചു ദിവസം കൊണ്ട് ഞാൻ ജോലിയെല്ലാം നല്ല വണ്ണം ചെയ്യാൻ പഠിച്ചു. അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞു പോയി. ആദ്യമൊക്കെ നല്ല കച്ചവടം ഉണ്ടായ കമ്പനി കുറേശെ മോശം ആകാൻ തുടങ്ങി. ആ  സമയത്ത് ആണ് എന്റെ കല്യാണം. അങ്ങനെ ഞാൻ ഒരു 15 വർഷം ഈ കമ്പനി യിൽ ജോലി ചെയ്തു. ഇതിനിടയിൽ പഠിക്കാൻ കിട്ടിയ അവസരങ്ങൾ ഞാൻ ഉഴപ്പി കളഞ്ഞു. അതിന്റെ നഷ്ട്ട ബോദം എനിക്കിപ്പോഴുണ്ട്. 

ഇപ്പോൾ ഞാൻ വേറെ ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഡിഗ്രി ഇല്ലാത്തതിന്റെ ബുദ്ധി മുട്ട് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഗൾഫിൽ ഒരു ജോലിക്ക് വേണ്ടിയാണു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്റെ ഒരു സാറിന്റെ മോന് അവിടെ ഒരു കമ്പനി ഉണ്ട്. അവിടെ എനിക്ക് ഒരു അവസരം തരാം എന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ എല്ലാ പേപ്പറും ശരിയായി വന്നപ്പോൾ സൗദി പ്രശ്നം കൊണ്ട് അവർ എത്ര ശ്രമിച്ചിട്ടും എന്റെ വിസ ഇതുവരെ ശരിയായില്ല. ഞാൻ എല്ലാ ദേവി മാരെയും ദേവൻ മാരെയും വിളിച്ചു പ്രാർ ത്തിച്ചിട്ടും ഒരു രക്ഷയും ഉണ്ടായില്ല. ഇപ്പോഴും അതിനു വേണ്ടി കാത്തിരിക്കുന്നു. "പ്രതീക്ഷ അതാണല്ലോ മനുഷ്യനെ ഓരോ നിമിഷവും മുൻപോട്ടു ചലിപ്പിക്കുന്നത്."

തല്കാലം എഴുത്ത് ഇവിടെ നിർത്തുകയാണ് . ബാക്കി ഇനി സമയം കിട്ടുമ്പോൾ എഴുതാം. 


വായിക്കുന്നവർ മറുപടി എഴുതാൻ മറക്കരുത്.